Month: സെപ്റ്റംബർ 2021

ഒരു ജീവനുള്ള രേഖ

തന്റെ മുത്തച്ഛന്റെ കൃതികളെ അനുസ്മരിച്ച് പീറ്റർ ക്രോഫ്റ്റ് എഴുതി, ''തന്റെ ബൈബിൾ എടുക്കുന്ന വ്യക്തിയെക്കുറിച്ച്, അവർ ഏത് പതിപ്പ് ഉപയോഗിച്ചാലും, എന്റെ ആഴമായ ആഗ്രഹം, അവരതിനെ മനസ്സിലാക്കുക മാത്രമല്ല, ആയിരക്കണക്കിന് വർഷങ്ങൾക്ക് മുമ്പുള്ളവർ ചെയ്തതുപോലെ തിരുവെഴുത്തുകളെ പ്രസക്തവും അപകടകരവും ആവേശകരവുമായ ജീവനുള്ള രേഖകളായി അനുഭവിക്കുകയും ചെയ്യുക എന്നതാണ്.'' രണ്ടാം ലോകമഹായുദ്ധ സമയത്ത് തന്റെ സഭയിലെ വിദ്യാർത്ഥികൾക്ക് തിരുവെഴുത്തിനെ സജീവമാക്കി നൽകുന്നതിനായി ഇംഗ്ലീഷിൽ ബൈബിളിന്റെ ഒരു പുതിയ പരാവർത്തനം തയ്യാറാക്കിയ യുവശുശ്രൂഷകനായിരുന്ന ജെ.ബി. ഫിലിപ്‌സ് ആയിരുന്നു പീറ്ററിന്റെ മുത്തച്ഛൻ.

ഫിലിപ്‌സിന്റെ വിദ്യാർത്ഥികളെപ്പോലെ, തിരുവെഴുത്ത് വായിക്കുന്നതിനും അനുഭവിക്കുന്നതിനും നാമും തടസ്സങ്ങൾ നേരിടുന്നു, പക്ഷേ അതു നമ്മുടെ ബൈബിൾ പരിഭാഷ കാരണം അല്ല. നമുക്ക് സമയമോ അച്ചടക്കമോ മനസ്സിലാക്കാനുള്ള ശരിയായ ഉപകരണങ്ങളോ ഇല്ലായിരിക്കാം. എന്നാൽ സങ്കീർത്തനം 1 നമ്മോട് പറയുന്നത്, ''യഹോവയുടെ ന്യായപ്രമാണത്തിൽ സന്തോഷിച്ച് അവന്റെ ന്യായപ്രമാണത്തെ രാപകൽ ധ്യാനിക്കുന്നവൻ ഭാഗ്യവാൻ'' (വാ. 2) എന്നാണ്. നാം എന്ത് പ്രയാസങ്ങൾ നേരിട്ടാലും ദിവസേന തിരുവെഴുത്തുകളെ ധ്യാനിക്കുന്നത് എല്ലാ കാലത്തും ''അഭിവൃദ്ധി പ്രാപിക്കാൻ'' നമ്മെ സഹായിക്കുന്നു.

നിങ്ങളുടെ ബൈബിളിനെ നിങ്ങൾ എങ്ങനെ കാണുന്നു? ഇന്നു ജീവിക്കാനുള്ള ഉൾക്കാഴ്ച നൽകിക്കൊണ്ട് അത് ഇപ്പോഴും പ്രസക്തമാണ്, യേശുവിനെ വിശ്വസിക്കാനും പിന്തുടരാനുമുള്ള ആഹ്വാനത്തിൽ ഇപ്പോഴും അപകടകരമാണ്, ദൈവത്തെയും മനുഷ്യനെയും കുറിച്ചുള്ള അറിവു നൽകുന്നതിലൂടെ അത് ഇപ്പോഴും ആവേശകരമാണ്. ദിനംപ്രതി നമുക്ക് ആവശ്യമായ പോഷണം നൽകുന്ന ഒരു നീരൊഴുക്കു പോലെയാണത് (വാ. 3). ഇന്ന്, നമുക്ക് അതിലേക്കു ചായാം—സമയം ഉണ്ടാക്കുകയും ശരിയായ ഉപകരണങ്ങൾ നേടുകയും ഒരു ജീവനുള്ള രേഖയായി തിരുവെഴുത്ത് അനുഭവിക്കാൻ നമ്മെ സഹായിക്കാൻ ദൈവത്തോട് അപേക്ഷിക്കുകയും ചെയ്യാം.

സ്‌നേഹത്തിന്റെ ഒരു മഹത്തായ പ്രവൃത്തി

ഒരു ദേശീയ വനത്തിൽ, തേൻ കൂൺ എന്നറിയപ്പെടുന്ന ഒരു ഫംഗസ് മരത്തിന്റെ വേരുകളിലൂടെ 2,200 ഏക്കറോളം വ്യാപിക്കുകയുണ്ടായി. കണ്ടെത്തിയിട്ടുള്ളതിലേക്കും വലിയ ജീവവസ്തു ആയിരുന്നു അത്. അത് രണ്ടു സഹസ്രാബ്ദത്തിലേറെയായി വനത്തിലൂടെ അതിന്റെ ''ഷൂസിന്റെ കറുത്ത ചരടുമാതിരിയുള്ള ഫിലമെന്റുകൾ നെയ്തുകൊണ്ട്'' വളർന്ന് മരങ്ങളെ നശിപ്പിച്ച് പെരുകുകയായിരുന്നു. ''റൈസോമോർഫ്‌സ്'' എന്നറിയപ്പെടുന്ന അതിന്റെ ഷൂസിന്റെ ചരടുമാതിരിയുള്ള ഫിലമെന്റുകൾ മണ്ണിലേക്ക് പത്ത് അടി വരെ ആഴത്തിൽ തുരന്നു ചെന്നിരുന്നു. ഈ ജീവി അവിശ്വസനീയമാംവിധം വലുതാണെങ്കിലും, അത് ആരംഭിച്ചത് ഒരൊറ്റ സൂക്ഷ്മ ബീജകോശത്തിൽ നിന്നാണ്!

വ്യാപകമായ ശിക്ഷാവിധിക്കു കാരണമായി അനുസരണക്കേടിന്റെ ഒരു പ്രവൃത്തിയെക്കുറിച്ചും അതിനു പരിഹാരം വരുത്തിയ അനുസരണത്തിന്റെ ഒരു പ്രവൃത്തിയെക്കുറിച്ചും ബൈബിൾ പറയുന്നു. അപ്പൊസ്തലനായ പൗലൊസ് രണ്ടു വ്യക്തികളെ താരതമ്യപ്പെടുത്തുന്നു—ആദാമും യേശുവും (റോമർ 5:14-15). ആദാമിന്റെ പാപം ''സകല മനുഷ്യരിലും'' ശിക്ഷയും മരണവും കൊണ്ടുവന്നു (വാ. 12). അനുസരണക്കേടിന്റെ ഒരു പ്രവൃത്തിയിലൂടെ എല്ലാവരും പാപികളാകുകയും ദൈവമുമ്പാകെ ശിക്ഷായോഗ്യരാകുകയും ചെയ്തു (വാ. 17). എന്നാൽ മനുഷ്യരാശിയുടെ പാപപ്രശ്‌നം കൈകാര്യം ചെയ്യാനുള്ള മാർഗ്ഗം ദൈവത്തിന്റെ പക്കലുണ്ടായിരുന്നു. ക്രൂശിൽ യേശുവിന്റെ നീതിനിഷ്ഠമായ പ്രവൃത്തിയിലൂടെ ദൈവം നിത്യജീവനും അവന്റെ മുമ്പിലുള്ള ശരിയായ നിലയും നൽകുന്നു. ക്രിസ്തുവിന്റെ സ്‌നേഹപ്രവൃത്തിയും അനുസരണവും—''സകല മനുഷ്യർക്കും ജീവൻ'' നൽകിക്കൊണ്ട് (വാ. 18)—ആദാമിന്റെ അനുസരണക്കേടിന്റെ പ്രവൃത്തിയെ മറികടക്കാൻ ശക്തമായിരുന്നു.

ക്രൂശിലെ തന്റെ മരണത്തിലൂടെ, തന്നിൽ വിശ്വസിക്കുന്ന ഏതൊരാൾക്കും യേശു നിത്യജീവൻ വാഗ്ദാനം ചെയ്യുന്നു. അവന്റെ പാപമോചനവും രക്ഷയും നിങ്ങൾക്ക് ലഭിച്ചിട്ടില്ലെങ്കിൽ, ഇന്ന് നിങ്ങൾക്കതു പ്രാപിക്കാൻ കഴിയും. നിങ്ങൾ ഇതിനകം ഒരു വിശ്വാസിയാണെങ്കിൽ, അവന്റെ മഹത്തായ സ്നേഹപ്രവൃത്തിയിലൂടെ അവൻ ചെയ്തതിന് അവനെ സ്തുതിക്കുക!

ജ്ഞാനത്തിൽനിന്നു സന്തോഷത്തിലേക്ക്

ഫോൺ റിംഗ് ചെയ്ത ഉടനെ ഞാനത് എടുത്തു. ഞങ്ങളുടെ സഭാ കുടുംബത്തിലെ ഏറ്റവും പ്രായം ചെന്ന അംഗമായിരുന്നു വിളിച്ചത്—ഏകദേശം നൂറ് വയസ്സിനോടടുത്തു പ്രായമുള്ള ഊർജ്ജസ്വലയും കഠിനാധ്വാനിയുമായ ഒരു സ്ത്രീ. അവളുടെ ഏറ്റവും പുതിയ പുസ്തകത്തിന് അന്തിമ സ്പർശം നൽകിയശേഷം, അതു പൂർത്തിയാക്കുന്നതിനു സഹായിക്കുന്നതിന് അവൾ എന്നോട് ചില എഴുത്ത് ചോദ്യങ്ങൾ ചോദിച്ചു. എന്നിരുന്നാലും, എല്ലായ്‌പ്പോഴും എന്നപോലെ ഞാൻ താമസിയാതെ അവളോട് ചോദ്യങ്ങൾ ചോദിക്കാനാരംഭിച്ചു - ജീവിതത്തെക്കുറിച്ചും ജോലിയെക്കുറിച്ചും സ്‌നേഹത്തെക്കുറിച്ചും കുടുംബത്തെക്കുറിച്ചും. ദീർഘമായ ഒരു ജീവിതത്തിൽ നിന്നുള്ള അവളുടെ പല പാഠങ്ങളും ജ്ഞാനത്താൽ തിളങ്ങുന്നതായിരുന്നു. അവൾ എന്നോടു പറഞ്ഞു, ''വേഗത ക്രമീകരിക്കുക.'' അവൾ അത് ചെയ്യാൻ മറന്ന സമയങ്ങളെക്കുറിച്ച് ഞങ്ങൾ പെട്ടെന്നുതന്നെ ചിരിച്ചു—അവളുടെ അത്ഭുതകരമായ കഥകളെല്ലാം യഥാർത്ഥ സന്തോഷത്താൽ രുചി വരുത്തിയതായിരുന്നു.

ജ്ഞാനം സന്തോഷത്തിലേക്ക് നയിക്കുന്നു, ''ജ്ഞാനം പ്രാപിക്കുന്ന മനുഷ്യനും വിവേകം ലഭിക്കുന്ന നരനും ഭാഗ്യവാൻ'' (സദൃശവാക്യങ്ങൾ 3:13) എന്നു ബൈബിൾ പഠിപ്പിക്കുന്നു. ജ്ഞാനത്തിൽനിന്നു സന്തോഷത്തിലേക്കുള്ള ഈ പാത ഒരു വേദപുസ്തക ഉത്ക്കൃഷ്ട ഗുണമാണെന്ന് നാം മനസ്സിലാക്കുന്നു. ''ജ്ഞാനം നിന്റെ ഹൃദയത്തിൽ പ്രവേശിക്കും; പരിജ്ഞാനം നിന്റെ മനസ്സിന് ഇമ്പമായിരിക്കും'' (സദൃശവാക്യങ്ങൾ 2:10). ''തനിക്കു പ്രസാദമുള്ള മനുഷ്യന് അവൻ ജ്ഞാനവും അറിവും സന്തോഷവും കൊടുക്കുന്നു'' (സഭാപ്രസംഗി 2:26). ജ്ഞാനം ''ആനന്ദകരമായ പാതകളിൽ നയിക്കും'' എന്ന് സദൃശവാക്യങ്ങൾ 3:17 കൂട്ടിച്ചേർക്കുന്നു.

ജീവിതത്തിന്റെ കാര്യങ്ങളെക്കുറിച്ച് ചിന്തിച്ചുകൊണ്ട് എഴുത്തുകാരൻ സി.എസ്. ലൂയിസ് പ്രഖ്യാപിച്ചത് ''സന്തോഷമെന്നത് സ്വർഗ്ഗത്തിന്റെ ഗൗരവമായ ബിസിനസ്സ് ആണ്'' എന്നാണ്. എന്നിരുന്നാലും, അവിടേയ്ക്കുള്ള പാത ജ്ഞാനത്താൽ പാകിയവയാണ്. 107 വയസ്സുവരെ ജീവിച്ച എന്റെ സഭാ സുഹൃത്ത് അതു സമ്മതിക്കും. അവൾ ജ്ഞാനവും സന്തോഷവുമുള്ള ഒരു സ്ഥിരവേഗതയിൽ രാജാവിനടുത്തേക്ക് നടന്നു.